Saturday, May 2, 2026

 

അധ്യായം 1: കുംഭം 10

"വർഷം 1999, ഫെബ്രുവരി 22. മലയാളമാസം കുംഭം പത്താം തീയതി. അന്നൊരു തിങ്കളാഴ്ചയായിരുന്നു. കഴിഞ്ഞ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അത് ഉത്സവത്തിന്റെ ആകാംക്ഷയാണോ അതോ പറഞ്ഞറിയിക്കാനാവാത്ത മറ്റേതെങ്കിലും സന്തോഷമാണോ എന്ന് അന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് പുല്ലാട്ട് തിറയാണ്! ആ ചിന്ത മനസ്സിൽ ഉള്ളതുകൊണ്ടാവാം രാവിലെ സ്കൂളിൽ പോകാൻ അസാധ്യമായ മടി തോന്നി. ഉച്ചയാകുമ്പോഴേക്കും ദൂരദേശങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പുല്ലാട്ടുതാഴത്തേക്ക് ഒഴുകിത്തുടങ്ങും. കൊയിലാണ്ടിക്കാരും പാലാഴിക്കാരും ഒക്കെ തലേദിവസമേ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാകും. ഉത്സവത്തിന് വരാൻ അവർക്കൊക്കെ അവധിയാണ്, പക്ഷേ എനിക്കും അനിയനും വീട്ടിൽ നിന്ന് ഒരു ഇളവും കിട്ടില്ലെന്ന് ഉറപ്പായിരുന്നു.

അമ്മമ്മയും (അച്ഛന്റെ അമ്മയാണ്, പക്ഷേ അച്ഛന്റെ സഹോദരിമാരുടെ മക്കൾ വിളിക്കുന്നത് കേട്ട് ശീലിച്ചതുകൊണ്ട് ഞാനും അമ്മമ്മ എന്ന് തന്നെ വിളിച്ചുപോന്നു) അമ്മയും പുലർച്ചെ മുതൽ അടുക്കളയുടെ തിരക്കുകളിലാണ്. തിറയല്ലേ, അതിഥികൾക്ക് കുറവുണ്ടാകില്ലല്ലോ! അടുക്കളയിൽ നിന്ന് വരുന്ന വിഭവങ്ങളുടെ മണം വീടാകെ പടരുന്നുണ്ട്.

ഞാനും അനിയനും മെല്ലെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു നോക്കി—ഒരു അവധി കിട്ടുമോ എന്നറിയാൻ. പക്ഷേ അമ്മയുടെ മറുപടി കർക്കശമായിരുന്നു: 'ഇന്ന് ഉച്ചവരെയല്ലേ സ്കൂളുള്ളൂ... തോന്ന്യാസം പറയാതെ വേഗം സ്കൂളിൽ പോകാൻ നോക്ക്! ഞാൻ പറയുന്നതിന്റെ വില ഇപ്പൊ നിങ്ങൾക്ക് മനസ്സിലാവില്ല, അതൊക്കെ മനസ്സിലാകുന്ന ഒരു കാലം വരും.'

അമ്മയെ കൂടുതൽ പ്രകോപിപ്പിക്കാൻ നിന്നാൽ അതും പന്തിയല്ലെന്ന് അറിയാവുന്നത് കൊണ്ട്, ഞാനും അനിയനും വേഗം സ്ഥലം കാലിയാക്കി. കുംഭത്തിലെ ആ ഉച്ചവെയിലിലും മനസ്സിൽ തിറയുടെ വാദ്യമേളങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു..."

പുല്ലാട്ട് ഉത്സവമായാൽ ഞങ്ങളുടെ കുരുവട്ടൂർ എ.യു.പി സ്കൂൾ ഒരു പ്രത്യേക ഭാവത്തിലായിരിക്കും. ഉച്ചവരെ മാത്രമേ അന്ന് ക്ലാസുകളുണ്ടാകൂ. മിക്ക ടീച്ചർമാരും മാഷുമാരും നേരത്തെ തന്നെ ലീവെടുത്തിട്ടുണ്ടാകും. വരാത്ത അധ്യാപകരുടെ ഒഴിഞ്ഞ കസേരകൾ പോലെത്തന്നെയായിരുന്നു അന്ന് എന്റെ മനസ്സും. നാലാം ക്ലാസിന്റെ ആ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കുമ്പോൾ സമയം ചലിക്കുന്നില്ലേ എന്ന് ഞാൻ സംശയിച്ചു. പുറത്തെ കാറ്റിൽ ദൂരെ നിന്നുള്ള ചെണ്ടമേളത്തിന്റെ നേർത്ത ശബ്ദം കലരുന്നുണ്ടോ? ശ്വാസം മുട്ടിക്കുന്ന ആ കാത്തിരിപ്പിനൊടുവിൽ ഒന്നിന് ലോങ്ങ്‌ ബെൽ അടിച്ചു.

​സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ ഞാൻ അനിയന്റെ ക്ലാസിലേക്കോടി. അവനെയും കൂട്ടി സ്കൂൾ ഗേറ്റു കടന്ന് പുറത്തെത്തിയപ്പോൾ അവിടെ ഞങ്ങളെ കാത്ത് ഒരു സർപ്രൈസ് നിന്നിരുന്നു—വിജേഷേട്ടനും ഗാങ്ങും!

​അച്ഛന്റെ മൂത്ത പെങ്ങളുടെ രണ്ടാമത്തെ മകനാണ് വിജേഷേട്ടൻ. ആ കുടുംബത്തിലെ 'പാലാഴിക്കാർ' എന്നറിയപ്പെടുന്ന മൂവർസംഘത്തിലെ നടുമകൻ. മൂത്തത് ഉപേഷേട്ടനും ഇളയവൻ ജിജീഷും. ജിജീഷും ഞാനും ഏകദേശം ഒരേ പ്രായക്കാരാണ്. അച്ഛന്റെ രണ്ടാമത്തെ പെങ്ങളുടെ മക്കളായ ശരണ്യയും ( ചിഞ്ചു) വൈശാഖും കൂടി ചേരുമ്പോൾ ഞങ്ങളുടെ ആ സൈന്യം പൂർണ്ണമാകും. ചിഞ്ചു എന്റെ പ്രായമാണ്, വൈശാഖ് അനിയന്റെയും.

​സ്കൂൾ ബാഗിന്റെ ഭാരം മറന്ന്, ആ വലിയ ചങ്ങാത്തക്കൂട്ടത്തിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ കുംഭമാസത്തിലെ ആ വെയിലിന് പോലും ഒരു പ്രത്യേക കുളിർമയുള്ളതുപോലെ എനിക്ക് തോന്നി. ഇനി വരാനിരിക്കുന്നത് ആഘോഷത്തിന്റെ മണിക്കൂറുകളാണ്!"


 

നനവുള്ള വേനൽ

ആമുഖം

"കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് പാതിദൂരം പിന്നിടുമ്പോൾ കാറ്റിൽ ഉപ്പുകാറ്റിന്റെ ഗന്ധം മാറി മണ്ണു മണക്കുന്ന ഒരിടമുണ്ട്; എന്റെ കുരുവട്ടൂർ. നഗരം അതിന്റെ പുകച്ചുരുളുകളും ശബ്ദകോലാഹലങ്ങളുമായി പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നുണ്ട്. പഴയ കാവ്യാത്മകതയുടെ ഇലയനക്കങ്ങൾ ഗ്രാമത്തിന് നഷ്ടമായി തുടങ്ങിയിരിക്കുന്നു. വയലേലകൾക്ക് പകരം കോൺക്രീറ്റ് കൂടുകൾ മുളച്ചുപൊങ്ങുന്ന, നഗരത്തിന്റെ രോശാകുലതകളിലേക്ക് പതിയെ പരിവർത്തനം ചെയ്യപ്പെടുന്ന എന്റെ നാട്.

കുരുവട്ടൂർ പഞ്ചായത്തിലെ ഈ ദേശത്തിന് മനോഹരമായ ഒരു ഓമനപ്പേരുകൂടിയുണ്ട്— 'പുല്ലാട്ടുതാഴം'. ജാതിമത ഭേദമന്യേ നാട്ടുകാർ ഹൃദയത്തോട് ചേർത്തുവെച്ച പുല്ലാട്ട് ഭഗവതി ക്ഷേത്രത്തിന്റെ തണൽ പറ്റിനിൽക്കുന്ന ഇടം. എന്റെ ജീവിതം ഈ ക്ഷേത്രമുറ്റത്തെ മണൽതരികളുമായും ഉത്സവത്തിന്റെ ആവേശങ്ങളുമായും അത്രമേൽ പിണഞ്ഞുകിടക്കുന്നു.

പുറത്ത് കത്തുന്ന വേനലാണ്. റോഡിലെ ടാറിന് ഇളക്കം തട്ടുന്നത്രയും കടുത്ത വെയിൽ. പക്ഷേ, ഈ ഉച്ചവെയിലിലും പുല്ലാട്ടുതാഴത്തെ പഴയ ഇടവഴികളിലൂടെ നടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നനവ് പടരുന്നുണ്ട്. അത് അലിഞ്ഞുതീരാൻ വിസമ്മതിക്കുന്ന ഒരു ഹിമകണം പോലെ എന്റെ ഓർമ്മകളെ തഴുകുന്നു.

ഈ മാറ്റങ്ങൾക്കിടയിലും എനിക്ക് ചിലത് ഓർത്തെടുക്കാനുണ്ട്. കാലത്തിന്റെ വേനലിൽ ഉരുകിത്തീരുന്നതിന് മുൻപ്, എന്നിൽ ബാക്കിയായ ആ പഴയ ഗ്രാമത്തിന്റെ ഗന്ധവും എന്റെ ജീവിതത്തിന്റെ ഏടുകളും ഈ താളുകളിൽ പകർത്തി വെക്കട്ടെ. ഒരു ഹിമകണം വെയിലിൽ അലിയുന്നത് എത്ര നിശബ്ദമായാണോ, അത്രയും ആർദ്രമായി..."

Friday, November 8, 2019

ഈ വഴിയിൽ നിന്നെയും കാത്ത്


ചായ്ഞ്ഞ കൊമ്പി ലോർമ്മകൾ പൂത്ത നേരം
സ്നേഹമുന്തിരി മധു നുണഞ്ഞൊരാ  കാലം
ആശംസകൾ നേരാം പോയവരട്ടേ ഞാൻ
സദയം പുഞ്ചിരികളേകാം യാത്രയാകുമ്പോൾ.....

ഇനി നെഞ്ചിലെ തിരിയാളണം .. നാമൊന്നുചേർന്നീടണം
ചുടുചോരയിൽ പട പൊരുതണം.. എൻ നാടിനെ കാക്കണം( 2 )

വിടർന്ന പൂവിതളുകളിൽ സുഗന്ധമൊഴുകും മുൻപേ
ഒരായിരം പ്രതീക്ഷകളാൽ അകലേക്ക് മാഞ്ഞുപോയ് (2 )
എൻ വാക്കുകൾ ഇടറുന്നുവോ.. മിഴിനീരതറിയുന്നുവോ
കാൽപാടുകൾ അകലുന്നുവോ.. തിരകളിൽ ചേർന്നുവോ

ഇനി നെഞ്ചിലെ തിരിയാളണം .. നാമൊന്നുചേർന്നീടണം
ചുടുചോരയിൽ പട പൊരുതണം.. എൻ നാടിനെ കാക്കണം

നാം പ്രണയം നുണഞ്ഞ വഴിയിൽ... തിരികെ വരുന്ന നാളിൽ
മധുരം നുകർന്നിടാമിനിയും... ഹൃദയങ്ങളൊന്നുചേരാം..
എൻ വാക്കുകൾ ഇടറുന്നുവോ.. മിഴിനീരതറിയുന്നുവോ
കാൽപാടുകൾ അകലുന്നുവോ.. തിരകളിൽ ചേർന്നുവോ

ചായ്ഞ്ഞ കൊമ്പി ലോർമ്മകൾ പൂത്ത നേരം
സ്നേഹമുന്തിരി മധു നുണഞ്ഞൊരാ  കാലം
ആശംസകൾ നേരാം പോയവരട്ടേ ഞാൻ
സദയം പുഞ്ചിരികളേകാം യാത്രയാകുമ്പോൾ.....

                  ഷിജിൽ ഇത്തിലോട്ട് 

Thursday, February 28, 2019


സമയപാത

അകലാതെ അകലുന്നു കാലം
ആരുമറിയാതെ ഇഴയുന്ന ലോകം
ഒരു കൊച്ചു ബിന്ദുവിൽ ചേർന്നു നിൽക്കും
പിന്നെ അകലാതെ അകലേക്കകന്നുപോകും
പിന്നിട്ട പാതയിൽ ആയിരാമാനന-
മോർമ്മയിൽ നമ്മളോടൊന്നു ചേരും
കാലത്തിനൊപ്പം തുഴയുവാനാവാതെ
തളരുന്ന സൗഹൃദം ഓർമ്മയാകും ..
കാലമിനിയും അകലും, പിന്നെ അടുക്കും
അതൊരു ചക്രമായ് കറങ്ങി നിൽക്കും..
അതിനിടയിൽ നമ്മളും കണ്ടുമുട്ടും
ഒന്നിച്ചൊഴുകും, പിന്നെയകന്നു പോകും..
ഒടുവിൽ നീയും ഞാനും തളർന്നു വീഴും
കാലചക്രം വീണ്ടുമുരുളും... ആ സമയചക്രം വീണ്ടുമുരുളും...
 





പ്രണയദിനം സ്പെഷൽ....

വാസന്തം മിഴികളെഴുതിയ നീലരാവിൽ
എന്തേ എൻ കിനാപ്പൂക്കൾ മറന്നുവച്ചു(2)
ചുംബനത്തേൻ നുകർന്നീടാനെന്നുമെന്റെ
തമ്പുരാട്ടീ നീയെന്റെ അരികിൽവരൂ...

നിശാചരൻ വേലികെട്ടിയ പൂമലർക്കാവിൽ
 നിശാഗന്തം പരത്തുന്ന സുമദളം  ഞാൻ
വാസന്തം തളിരിടും നാളിലെന്നും ഞാൻ
മലർത്തേനിൻ ഗന്ധമായ് നിന്നരികിൽ വരാം

മലരിതൾ ഗന്ധമായ് നീ വരുന്ന നാളിൽ
ശലഭമായ് നിന്നരികിൽ വന്നു ചേരുമ്പോൾ
ഹേമന്ദം ഹിമകണപ്പൂക്കളാലേ...
വെൺ പുതപ്പിൻ പട്ടിനാലെ മറയൊരുക്കും...





Saturday, January 19, 2019

മരണത്തെ പ്രണയിച്ച പെൺകുട്ടിക്കായ്

അടങ്ങാത്ത ദാഹമാണ്...
പ്രണയത്തോടും,മരണത്തോടും...
എൻ വിരലിൽനിന്നൂർന്നുവീഴുന്ന അക്ഷരങ്ങൾക്കായ് കഴുകൻകണ്ണുകൾ നോട്ടമിട്ടിരിക്കുന്നു.
നിൻ മൂർച്ചയേറിയ വാക്കിൻശരങ്ങളാൽ എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
ആ മുറിവില്നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികൾ നിൻ പ്രണയത്തിന് മുന്നിൽ കറപിടിച്ചിരിക്കുന്നു. പ്രണയത്തിന് മറ തീർത്തിരിക്കുന്നു.

ഇന്ന് ഞാൻ പ്രണയത്തിന്റെ സുന്ദരസ്വപ്നങ്ങൾ തീർക്കുന്ന പാതയെത്തേടിയിറങ്ങി.
ഈ ഇരുണ്ട വഴികളിൽ എങ്ങുനിന്നോ നിന്നെ തേടിയിറങ്ങിയ പ്രണയം
മരണമെന്ന തോഴനെ കണ്ടുമുട്ടി..
ഇനിയെന്റെ വഴികൾ സ്വതന്ത്രമാണ്.
നമ്മുടെ പ്രണയം മരണത്തിനുമപ്പുറമാണ്.
മനസ്സുകൾക്ക് സംവദിക്കാനുള്ള മാർഗം മാത്രമായ നമ്മുടെ ശരീരങ്ങൾക്കുമപ്പുറം നാം ഒന്നായിരിക്കുന്നു..
ഇനിയീ  മനസ്സുകൾക്ക് മറയായിടും പാഴ്‍ശരീരങ്ങൾക്കപ്പുറം
നമ്മുക്കൊന്നയിടാം...

                                                                 ഷിജിൽ ഇത്തിലോട്ട്




Saturday, December 1, 2018

ശരിയും സത്യവും 


''മൂഷകമാർഗ്ഗമീ മോഷണമെങ്കിലും
മോഷണം ഭൂഷണമെന്ന് ഭാഷ്യം"

തെറ്റിനെ തെറ്റുകൊണ്ട് മറച്ചുപിടിക്കാം..
അസത്യത്തെ കാലം കൊണ്ടും മറച്ചു പിടിക്കാം..

എന്നാൽ തെറ്റിനെ ശരികൊണ്ടും ,അസത്യത്തെ സത്യം കൊണ്ടും മാത്രമേ മായ്ക്കാൻ കഴിയൂ..

ഇരുട്ടിനുമേൽ പുലരി വിതറുന്ന പുത്തനുണർവ്വുപോൽ സുന്ദരമാണ് ശരിയും സത്യവും...


                                                               ഷിജിൽ ഇത്തിലോട്ട് 


Tuesday, July 24, 2018

ലോകാവസാനം 

ഒരിക്കൽ മനുഷ്യന് ചിന്തയെന്ന വരം ലഭിച്ചു...
ചിന്തയിൽ നിന്നവൻ എഴുത്തുകാരനെ സൃഷ്ടിച്ചു..
എഴുത്തുകാരൻ ആചാരങ്ങളും,വിശ്വാസങ്ങളും സൃഷ്ടിച്ചു..
വിശ്വാസങ്ങളിൽ നിന്നും മതങ്ങളും , ജാതികളുമുണ്ടായി...
ആചാരങ്ങൾ ദുർബലനെ ചവിട്ടിമെതിക്കാനുള്ള മാർഗ്ഗങ്ങളായി...
ഇന്ന് ലോകം ഭരിക്കുന്നത് കപടമായ ചില ആചാരങ്ങളും, വിശ്വാസങ്ങളും  ആണ്...
നാളെ ഈ കപട വിശ്വാസങ്ങൾ എഴുത്തുകാരനെന്ന തന്റെ സ്രഷ്ടാവിന്റെ നേർക്ക് തിരിയും...
അവ ചിന്തയെ പ്രതിക്കൂട്ടിൽ നിർത്തും...
ചിന്തയും, വിശ്വാസങ്ങളും തമ്മിലുള്ള ഘോരമായ യുദ്ധം നടക്കും...
അവസാനം ചിന്ത മരിക്കുകയും വിശ്വാസം അനാഥമാക്കപ്പെടുകയും ചെയ്യും...
അങ്ങനെ മനുഷ്യകുലം അവസാനിക്കും....!

                                                                                     ഷിജിൽ ഇത്തിലോട്ട് 



Monday, July 16, 2018

ഇനിയെന്റെ കണ്ണുനീർ തിരകളാലെൻ സഖേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മായുമോ...
എന്നിലെ നിന്നിലെൻ ഹൃത്തിലൊരു കോണിലായ്
തിരയടങ്ങാത്തീര നൊമ്പരം തേങ്ങുമോ....

പൊന്നുഷപ്പുലരിയിൽ നിന്റെ കാർക്കൂന്തലിൽ
ചൂടിയ പൂവിതൾ പോലെ ഞാനെങ്കിലും
ഓമലേ ഞാൻ തീർത്ത മാനസവാടിയിൽ
എന്നും തലോടുന്ന പൂമരം നീ സഖേ...


ഒരുമിച്ചു നാം നെയ്ത സ്വപ്നങ്ങളൊക്കെയും
ഇനിയെന്റെ മനതാരിലോർമ്മകൾ മാത്രമായ്...
ഒത്തിരി സ്നേഹമാണെങ്കിലുമെൻ സഖേ
ഓർമ്മയിൽ മുറിവേറ്റ നൊമ്പരമിന്നു നീ...

പറയുവാനൊരുപാടു നാളിലെൻ മാനസം
പ്രിയതമേ നിന്നോട് പ്രണയമെന്നോതുവാൻ
എങ്കിലുമെൻ സഖേ ചൊല്ലിയതില്ലഞാൻ
പ്രണയവിഗ്രഹമെന്നുമുടയാതിരിക്കുവാൻ...

നാളെയൊരു മംഗല്ല്യവാരണം ചാർത്തി നീ
പോവുന്നു പ്രിയസഖേ താമരത്തോണിയിൽ
എങ്കിലും കാലചക്രത്തിന്റെ മായയിൽ
ഒരു നാളിലിപ്പൂവിൻ നൊമ്പരം കാണുമോ...

Tuesday, June 5, 2018


എഴുതിടുന്നൂ നിനക്കായി ദൈവമേ
ചോരയിൽ തീർത്ത കൈപ്പടയിലിന്നു ഞാൻ
തെറ്റു ചെയ്തില്ല മനസ്സും ശരീരവും
ശുദ്ധമാണെന്റെ ഹൃദയമീ നാൾ വരെ

കാലമാകുമീ കാമക്കഴുകന്റെ കണ്ണു
വന്നെന്റെ നെഞ്ചിൽ പതിച്ചതും
നിഷ്കളങ്കമാമെൻ മനതാരിലും
കപടവാക്കിനാൽ പ്രണയം നിറച്ചതും...

സ്നേഹമെന്ന പോൽ നിൻ പ്രണയ നാട്യവും
സത്യമാണെന്നു വിശ്വസിപ്പിച്ചതും
ഇനി വരുംനാളിലീ പ്രണയ സ്വർഗത്തിൽ
റാണിയായി ഞാൻ നോക്കിടാമെന്നതും...

കപടവാക്കിനാൽ തീർത്തൊരാ സ്വർഗ്ഗവും
നരഗമാണെന്നറിഞ്ഞിടാതന്നു ഞാൻ
പ്രണയ ചതിയിൽ പിടയുന്ന ലോകത്തിൽ
ഇരയിലൊന്നായി മാറിയതാണിവൾ..












Monday, May 28, 2018

എന്റെ മനസ്സ് നിന്നിൽ വിലയം പ്രാപിച്ചത് മുതൽ...
സഞ്ചാരം നിന്നിലേക്ക്‌ മാത്രമായിരുന്നു...
മരണത്തിന്റെ മഞ്ഞിൻ കണങ്ങളാൽ പുണർന്നിടുന്നത്...
എന്നിലൂടെ നിന്നെത്തന്നെയായിരുന്നോ?
 ഏതോ ഒരു വസന്തകാലത്തിന്റെ സ്മരണയിൽ ഒറ്റക്കാണെന്ന തോന്നൽ...
നിന്നിൽ വിരഹദുഃഖത്തിന്റെ കയ്പുള്ള ലഹരി പകർന്നിരിക്കാം...
വിധിയെന്ന രണ്ടക്ഷരത്തിൽ ഇല്ലാതായത് ഞാൻ മാത്രമായിരുന്നില്ല...
നീയും കൂടിയായിരുന്നെന്ന് ഞാൻ അറിയുന്നു സഖീ..
ഇനിയുമാ പാഴ് സ്വപ്‌നങ്ങൾ നിന്നെ വേട്ടയാടാതിരിക്കാൻ...
പാപജന്മമെന്ന മിഥ്യാധാരണയിൽ കുരുങ്ങിക്കിടക്കാതിരിക്കാൻ...
എല്ലാം മറക്കൂ...മറ്റൊരു ജീവിതത്തിൽ അലിഞ്ഞുചേരൂ...ഇനി ഞാൻ നിന്നിൽ ഒരു വിസ്മൃതിയായ് മാറിടട്ടെ...


Thursday, May 17, 2018

നീ മാത്രം

എന്തേ പുലർകാലമിന്നെൻറെ മനതാരിൽ
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം..
ഏതോ വസന്തത്തേൻ നുകരുവാനെത്തുന്ന
തൂമന്ദമാരുതനെന്ന പോലെ...(2)

 കേൾക്കാൻ കൊതിച്ചൊരാ പ്രണയരാഗത്തിന്റെ
പല്ലവിയായ് നീ വരുന്ന നാളിൽ
നിന്നധരങ്ങളാലെൻ നിടിലത്തില-
ന്നൊരു പ്രേമ കാവ്യം രചിച്ചുവെങ്കിൽ
അന്നു നിന്നിലെയെന്നിൽ ഞാനലിഞ്ഞുപോകും....(എന്തേ)

ഇഷ്ടസല്ലാപങ്ങളൊരുമിച്ചിരുന്നു നാം
മിഴികളാലന്നു പകർന്ന രാവിൽ....
കാര്മേഘഹംസങ്ങൾ തൂമഴ മുത്തിനാ-
ലാഹ്‌ളാദനൃത്തമായ് പുണർന്നിരുന്നു....
നാമിരുപേരുമൊന്നായിരുന്നു....(എന്തേ )

                                                 ഷിജിൽ ഇത്തിലോട്ട് 






Monday, April 30, 2018




നിൻ സ്വരങ്ങളിൽ മധുരമാം ഗീതം
എൻ കാതിലെന്നും നടന ശ്രുതിതാളം (2)
ഇനി വരില്ലേ നീ പ്രണയമേ...
തിരയകന്നോ പ്രിയ സ്വപ്നമേ...(2 )

എന്നുമോർമ്മയിൽ ഈ സ്വരം
ഏറ്റുപാടിടും നിൻ മുഖം
വഴിമരങ്ങളിൽ പൂവിടാ-
തെങ്ങുപോയ് നീ വസന്തമേ.......(ഇനി വരില്ലേ)(നിൻ)

അകന്നു പോകും കാലമേ
ദൂരെ വിണ്ണിൽ മറഞ്ഞുവോ
മറഞ്ഞു പോകും സ്വപ്നമേ
മാരിവില്ലുപോൽ മാഞ്ഞുവോ........(ഇനി വരില്ലേ)(നിൻ)

Sunday, February 4, 2018

മായാ മനോഹരതീരത്തിലെ,
അണയാതെ തെളിയുന്ന ദീപം പോലെ
ആകാശഗോപുരം സന്ധ്യയെ പുണരുമ്പോള്‍
ചന്ദന ഗന്ധത്തില്‍ ഞാനലിഞ്ഞു,
അവള്‍ മംഗള ദീപവുമായ് മുന്നില്‍ നിന്നൂ(മായാ)

ഏതോ സ്വപ്നത്തില്‍ താമരത്തളികയില്‍
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
നെറുകയില്‍ കുങ്കുമം ചാര്‍ത്തി ഞാനവളെയെന്‍
നിനവിലെ ജീവിതത്തോഴിയാക്കി,
എന്റെ ജീവന്റെ ജീവനായ്  സ്വന്തമാക്കി.(മായാ)

ഓര്‍മ്മതന്‍ താളില്‍ മറഞ്ഞിടാതെ 
നാളെയീ പുലരിയില്‍ കൂട്ടിരിക്കാം..
ആകാശദീപം കൊളുത്തുന്ന നേരത്തെന്‍
ജീവന്റെ താളത്തില്‍ ചേർന്നുറങ്ങാം 

എന്റെ ഹൃദയത്തുടിപ്പുനിന്‍ സ്വന്തമാക്കാം.. (മായാ)

Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...

Saturday, February 11, 2017

കാലചക്രം

വീണ്ടും ചലിക്കുന്നു കാലചക്രം
വീണ്ടും കൊതിക്കുന്നു നിന്നെ മാത്രം
ഒന്നിച്ചൊരേ സ്വരം ഏറ്റുപാടാൻ
ഉമ്മറക്കോലയിൽ ചേർന്നിരിക്കാൻ..

വിചനമീ വീഥിയിൽ ഇനിവരില്ലൊരുനാളു-
മൊന്നിച്ചിരുന്നൊരാ നേരം
ഓർക്കാൻ കൊതിക്കുന്നൊ -
രിന്നലെക്കായെന്റെ മൗനം തുടിക്കുന്നു വീണ്ടും...

പ്രണയമൊരു മണിമാല കോർത്തിരുന്നു
മൗനത്തിനടിയിൽ ഒളിച്ചിരുന്നു.
മിഴികളാലിടയുന്ന നേരമെൻ ഹൃദയത്തി-
ലൊരു പ്രണയഗീതം രചിച്ചിരുന്നു..

അകലേക്കു മറയുന്ന മഴധൂളിപോൽ 
ഓർമ്മയിൽ നിഴലായി മാറി നീയും 
ആ പ്രണയ ഹാരമൊരു പുഷ്പചക്രം പോലെ
ഇടനെഞ്ചിലുരുകുന്നു മൂകമായി..

വീണ്ടും ചലിക്കുന്നു കാലചക്രം 
വീണ്ടും കൊതിക്കുന്നു നിന്നെമാത്രം...

Friday, November 11, 2016

ഇരുട്ടിലെ വെട്ടം

ഹർഷബാഷ്പം പൊഴിഞ്ഞിടും രാവിലും
വർഷമേഘമാൽ വാനം നിറഞ്ഞുവോ
പുഷ്പവൃഷ്ടിയാൽ തീർന്നൊരീ ഭൂമിയും
രക്തദാഹം കൊതിക്കുന്ന
                                വിസ്മയം!
പത്തുമാസം വയറ്റിൽ ചുമന്നതും
പത്തുവർഷം കരത്താൽ പുണർന്നതും
ഒടുവിലിന്നെന്റെ പാതിതൻ ദൃഷ്ടിയിൽ
കാമരൂപമായ് മാറിയെന്നോമനേ..
പേറ്റുനോവതറിവതില്ലെങ്കിലും
പോറ്റുനോവിനെ കാണാതിരിക്കയോ
വക്ര ദൃഷ്ടിയാലെന്റെ  പൊൻ കുഞ്ഞിനെ
കണ്ണുനീരിൻ കയത്തില്ലെറിഞ്ഞുവോ
കണ്ണുമൂടുക 'മാന്യരേ' നിങ്ങളീ
അന്ധകാരം പരക്കട്ടെ ഭൂമിയിൽ
കപടദൃഷ്ടിതൻ വെട്ടം മറയ്ക്കുവാൻ
അന്ധകാരമായ് മാറട്ടെ
                           സർവതും....

Wednesday, September 14, 2016

ആയിരം വസന്തങ്ങൾ മിന്നി മറഞ്ഞു പോയ്
ആയിരം ശിശിരവും മറഞ്ഞുവല്ലോ
എന്നിട്ടും നീയെന്റെ മാനസവാടിയിൽ
നൊമ്പരപ്പൂമൊട്ടായ് മാറുകയോ
എന്റെ മനസ്സിലെ പൂപ്പന്തൽ വാടുകയോ

നന്ദനവാടിയിൽ, മാനസക്ഷേത്രത്തിൽ
തളിരിട്ട പൂമൊട്ടായിരുന്നു
കരളിനെ കുളിരാക്കി മാറ്റിയ ഗന്ധത്തെ
സ്വപ്നങ്ങളാക്കിയതായിരുന്നു

ഇനിയും ജനിക്കാത്ത  ഓർമ്മകൾ മാത്രമായ്
മറ്റൊരു ജീവനിൽ  ചേരുകയോ
പ്രാണനെ  കൈവിട്ട ആത്മാവിനെപ്പോലെ
അലയുന്നു ഞാനീ വഴിത്താരയിൽ





Thursday, July 21, 2016

മായാലോകം

സ്നേഹമൂറുന്ന അക്ഷരച്ചില്ലയിൽ
ഞെട്ടറ്റുവീഴുന്ന ഇലകളായ് നാം
സ്വപ്നവർണ്ണങ്ങൾ പോലുമെൻ മനസിലെ
ചുഴിയിൽ വീണിതാ പിടയുന്നുവോ..
വഴിമരച്ചോട്ടിലന്നു മൊട്ടിട്ട
പ്രണയ പുഷ്പവും മറയുന്നുവോ
നിന്നെ നീയാക്കി മാറ്റിയ കാലവും
നിന്റെ ഓർമ്മയിൽ മായുന്നുവോ..
അക്ഷരങ്ങളാൽ മായകൾ തീർത്തൊരീ
കവിതയിന്നിതാ തേങ്ങുന്നുവെന്ന -
മ്മ മൂളിയ താരാട്ടു പോലുമെൻ
മനമതിൽ നിന്നു മറയുന്നുവോ









Monday, July 11, 2016

അരികത്തുനിന്നപ്പോൾ അറിയാൻ ശ്രമിച്ചില്ല
നീയെന്ന വ്യക്തിതൻ സ്നേഹപാത്രം
അകന്നു നീ പോയപ്പോൾ ഒരു ദിനം കൊണ്ടല്ലോ
അറിഞ്ഞു ഞാൻ നിന്നിലെ സ്നേഹഭാവം(2) (അരികത്ത്)

അറിയാതെൻ മനവും തുടിച്ചിരുന്നു
നിന്റെ ജീവനായ് തീരാൻ കൊതിച്ചിരുന്നു
എന്നിട്ടുമെന്തേ ഈ ഓർമ്മ തൻ വീഥിയിൽ
എന്നെ തനിച്ചാക്കി അകന്നുപോയീ...( അരികത്ത്)

പാടാതെ പോയാ പഴയൊരു പാട്ടിനു
പല്ലവി പാടും ഇളം തെന്നലേ
 ചൂടാതെ പോയാ ചെമ്പനീർ പൂവുകൾ
വാടാതെൻ മനസിൽ അലങ്കരിക്കൂ..(2)(അരികത്ത്)

സൂര്യനും തിങ്കളും ഒന്നുപോലെ നിന്റെ
പ്രണയം കൊതിക്കുന്നു താരകമേ
തിങ്കൾ തോഴനായെൻ താരദേവതേ
മറന്നിടൂ ഈ പ്രാണനായകനെ...
മറന്നിടൂ ഈ സ്നേഹ ഗായകനെ..(അരികത്ത്)