Saturday, May 21, 2016

അവളുടെ സ്നേഹത്തിനു എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു
എന്നാൽ ഇന്ന് അവൾ എന്നിൽ നിന്നും ഒരുപാട് അകലെക്കകന്നു പോയിരിക്കുന്നു.
നാരങ്ങാ മിട്ടായിയുടെ മധുരമൂറുന്ന സ്വപ്നങ്ങളുമായി അവളിനി മനസ്സിന്റെ പടിവാതിൽ കടന്ന് വരില്ലെന്നുറപ്പായിട്ടും എന്തിനെന്നെ അവളുടെ ഓർമ്മകൾ കുത്തിനോവിക്കുന്നു?
   മനസ്സിൽ എന്നേ ജീവച്ഛവമായി മാറിയ എന്റെ പ്രണയത്തിന് ഞാൻ നൽകുന്ന ഏറ്റവും വിലപ്പെട്ട  സമ്മാനം മരണം തന്നെയായിരുന്നു.  എന്റെ സ്നേഹം പിടിച്ചു വാങ്ങിയതിന് ഞാൻ നിന്നോട് ചെയ്യുന്ന പ്രായശ്ചിത്തമെന്നോണം മനസ്സിൽ തീർത്ത ചുടലയിൽ ദഹിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. എന്നിട്ടും കത്തിയെരിയാത്ത മാംസപിണ്ഡം പോലെ എന്നെ തേടി അവൾ വീണ്ടും വന്നിരിക്കുന്നു....

കാമത്തിനും മുകളിലാണു സ്നേഹം
ആസക്തിക്കും മുകളിലാണ് മനുഷ്യത്വം

കുഞ്ഞേ നീ പിറന്നുവീണിരിക്കുന്നൊരാൺ കുഞ്ഞായീ ഭൂവിൽ
നിനക്കു സഞ്ചരിക്കാൻ പാതകളൊരുപാടുണ്ടിവിടെ
നിനക്കു വഴികാട്ടിടാനൊരുപാടു പേരുണ്ടിവിടെ
മനുഷ്യമുഖം മൂടി അണിഞ്ഞ കാട്ടാളൻമാരുണ്ടിവിടെ
അവരെ നീ തിരിച്ചറിഞ്ഞീടണം
സംരക്ഷിച്ചീടണം നീ നിന്നെത്താൻ തന്നെയും
നിൻ  അമ്മ- പെങ്ങൻമാരെയും
മനുഷ്യരക്തം ഊറ്റിക്കുടിച്ചിടും
രക്തരക്ഷസ്സുകളുണ്ടിവിടെ
കുഞ്ഞേ നീ അറിഞ്ഞിടേണം സ്നേഹമെന്തെന്ന്...
കാരിരിമ്പിൻ കരുത്തിനും, പടവാളിൻ മൂർച്ചയിലും
തകർക്കാനാവാത്ത...നേടാനാവാത്ത പവിത്രബന്ധമെന്തെന്ന്...
കുഞ്ഞേ നീ അറിഞ്ഞിടേണം മനുഷ്യത്വമെന്തെന്ന്
കുഞ്ഞേ നീ അറിഞ്ഞിടേണം സ്ത്രീയെന്താണെന്ന്,
അമ്മയെന്താണെന്ന്,പെങ്ങളെന്തെന്ന്
സ്വജീവൻ വെടിഞ്ഞും നീ കാത്തിടേണം
അവളുടെ മാനത്തെ...കുഞ്ഞേ സ്ത്രീ അവൾ നിന്റെ അമ്മയാകുന്നു...
 നിൻ പെങ്ങളാകുന്നു...കൂടപ്പിറപ്പാകുന്നു
നിൻ ജീവിത പങ്കാളിയാവുന്നു... നിൻ കുഞ്ഞിനെ മുലയൂട്ടും മാതാവാകുന്നു...
നിനക്ക് താലോലിച്ചിടാൻ നിൻ മകളുമായീടുന്നു ...
അതിനാൽ കുഞ്ഞേ നീ അറിഞ്ഞീടുക.....
..............
കാമത്തിനും മുകളിലാണ് സ്നേഹം...
ആസക്തിക്കും മുകളിലാണ് മനുഷ്യത്വം...