Monday, July 16, 2018

ഇനിയെന്റെ കണ്ണുനീർ തിരകളാലെൻ സഖേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മായുമോ...
എന്നിലെ നിന്നിലെൻ ഹൃത്തിലൊരു കോണിലായ്
തിരയടങ്ങാത്തീര നൊമ്പരം തേങ്ങുമോ....

പൊന്നുഷപ്പുലരിയിൽ നിന്റെ കാർക്കൂന്തലിൽ
ചൂടിയ പൂവിതൾ പോലെ ഞാനെങ്കിലും
ഓമലേ ഞാൻ തീർത്ത മാനസവാടിയിൽ
എന്നും തലോടുന്ന പൂമരം നീ സഖേ...


ഒരുമിച്ചു നാം നെയ്ത സ്വപ്നങ്ങളൊക്കെയും
ഇനിയെന്റെ മനതാരിലോർമ്മകൾ മാത്രമായ്...
ഒത്തിരി സ്നേഹമാണെങ്കിലുമെൻ സഖേ
ഓർമ്മയിൽ മുറിവേറ്റ നൊമ്പരമിന്നു നീ...

പറയുവാനൊരുപാടു നാളിലെൻ മാനസം
പ്രിയതമേ നിന്നോട് പ്രണയമെന്നോതുവാൻ
എങ്കിലുമെൻ സഖേ ചൊല്ലിയതില്ലഞാൻ
പ്രണയവിഗ്രഹമെന്നുമുടയാതിരിക്കുവാൻ...

നാളെയൊരു മംഗല്ല്യവാരണം ചാർത്തി നീ
പോവുന്നു പ്രിയസഖേ താമരത്തോണിയിൽ
എങ്കിലും കാലചക്രത്തിന്റെ മായയിൽ
ഒരു നാളിലിപ്പൂവിൻ നൊമ്പരം കാണുമോ...

No comments:

Post a Comment