Saturday, December 1, 2018

ശരിയും സത്യവും 


''മൂഷകമാർഗ്ഗമീ മോഷണമെങ്കിലും
മോഷണം ഭൂഷണമെന്ന് ഭാഷ്യം"

തെറ്റിനെ തെറ്റുകൊണ്ട് മറച്ചുപിടിക്കാം..
അസത്യത്തെ കാലം കൊണ്ടും മറച്ചു പിടിക്കാം..

എന്നാൽ തെറ്റിനെ ശരികൊണ്ടും ,അസത്യത്തെ സത്യം കൊണ്ടും മാത്രമേ മായ്ക്കാൻ കഴിയൂ..

ഇരുട്ടിനുമേൽ പുലരി വിതറുന്ന പുത്തനുണർവ്വുപോൽ സുന്ദരമാണ് ശരിയും സത്യവും...


                                                               ഷിജിൽ ഇത്തിലോട്ട് 


Tuesday, July 24, 2018

ലോകാവസാനം 

ഒരിക്കൽ മനുഷ്യന് ചിന്തയെന്ന വരം ലഭിച്ചു...
ചിന്തയിൽ നിന്നവൻ എഴുത്തുകാരനെ സൃഷ്ടിച്ചു..
എഴുത്തുകാരൻ ആചാരങ്ങളും,വിശ്വാസങ്ങളും സൃഷ്ടിച്ചു..
വിശ്വാസങ്ങളിൽ നിന്നും മതങ്ങളും , ജാതികളുമുണ്ടായി...
ആചാരങ്ങൾ ദുർബലനെ ചവിട്ടിമെതിക്കാനുള്ള മാർഗ്ഗങ്ങളായി...
ഇന്ന് ലോകം ഭരിക്കുന്നത് കപടമായ ചില ആചാരങ്ങളും, വിശ്വാസങ്ങളും  ആണ്...
നാളെ ഈ കപട വിശ്വാസങ്ങൾ എഴുത്തുകാരനെന്ന തന്റെ സ്രഷ്ടാവിന്റെ നേർക്ക് തിരിയും...
അവ ചിന്തയെ പ്രതിക്കൂട്ടിൽ നിർത്തും...
ചിന്തയും, വിശ്വാസങ്ങളും തമ്മിലുള്ള ഘോരമായ യുദ്ധം നടക്കും...
അവസാനം ചിന്ത മരിക്കുകയും വിശ്വാസം അനാഥമാക്കപ്പെടുകയും ചെയ്യും...
അങ്ങനെ മനുഷ്യകുലം അവസാനിക്കും....!

                                                                                     ഷിജിൽ ഇത്തിലോട്ട് 



Monday, July 16, 2018

ഇനിയെന്റെ കണ്ണുനീർ തിരകളാലെൻ സഖേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മായുമോ...
എന്നിലെ നിന്നിലെൻ ഹൃത്തിലൊരു കോണിലായ്
തിരയടങ്ങാത്തീര നൊമ്പരം തേങ്ങുമോ....

പൊന്നുഷപ്പുലരിയിൽ നിന്റെ കാർക്കൂന്തലിൽ
ചൂടിയ പൂവിതൾ പോലെ ഞാനെങ്കിലും
ഓമലേ ഞാൻ തീർത്ത മാനസവാടിയിൽ
എന്നും തലോടുന്ന പൂമരം നീ സഖേ...


ഒരുമിച്ചു നാം നെയ്ത സ്വപ്നങ്ങളൊക്കെയും
ഇനിയെന്റെ മനതാരിലോർമ്മകൾ മാത്രമായ്...
ഒത്തിരി സ്നേഹമാണെങ്കിലുമെൻ സഖേ
ഓർമ്മയിൽ മുറിവേറ്റ നൊമ്പരമിന്നു നീ...

പറയുവാനൊരുപാടു നാളിലെൻ മാനസം
പ്രിയതമേ നിന്നോട് പ്രണയമെന്നോതുവാൻ
എങ്കിലുമെൻ സഖേ ചൊല്ലിയതില്ലഞാൻ
പ്രണയവിഗ്രഹമെന്നുമുടയാതിരിക്കുവാൻ...

നാളെയൊരു മംഗല്ല്യവാരണം ചാർത്തി നീ
പോവുന്നു പ്രിയസഖേ താമരത്തോണിയിൽ
എങ്കിലും കാലചക്രത്തിന്റെ മായയിൽ
ഒരു നാളിലിപ്പൂവിൻ നൊമ്പരം കാണുമോ...

Tuesday, June 5, 2018


എഴുതിടുന്നൂ നിനക്കായി ദൈവമേ
ചോരയിൽ തീർത്ത കൈപ്പടയിലിന്നു ഞാൻ
തെറ്റു ചെയ്തില്ല മനസ്സും ശരീരവും
ശുദ്ധമാണെന്റെ ഹൃദയമീ നാൾ വരെ

കാലമാകുമീ കാമക്കഴുകന്റെ കണ്ണു
വന്നെന്റെ നെഞ്ചിൽ പതിച്ചതും
നിഷ്കളങ്കമാമെൻ മനതാരിലും
കപടവാക്കിനാൽ പ്രണയം നിറച്ചതും...

സ്നേഹമെന്ന പോൽ നിൻ പ്രണയ നാട്യവും
സത്യമാണെന്നു വിശ്വസിപ്പിച്ചതും
ഇനി വരുംനാളിലീ പ്രണയ സ്വർഗത്തിൽ
റാണിയായി ഞാൻ നോക്കിടാമെന്നതും...

കപടവാക്കിനാൽ തീർത്തൊരാ സ്വർഗ്ഗവും
നരഗമാണെന്നറിഞ്ഞിടാതന്നു ഞാൻ
പ്രണയ ചതിയിൽ പിടയുന്ന ലോകത്തിൽ
ഇരയിലൊന്നായി മാറിയതാണിവൾ..












Monday, May 28, 2018

എന്റെ മനസ്സ് നിന്നിൽ വിലയം പ്രാപിച്ചത് മുതൽ...
സഞ്ചാരം നിന്നിലേക്ക്‌ മാത്രമായിരുന്നു...
മരണത്തിന്റെ മഞ്ഞിൻ കണങ്ങളാൽ പുണർന്നിടുന്നത്...
എന്നിലൂടെ നിന്നെത്തന്നെയായിരുന്നോ?
 ഏതോ ഒരു വസന്തകാലത്തിന്റെ സ്മരണയിൽ ഒറ്റക്കാണെന്ന തോന്നൽ...
നിന്നിൽ വിരഹദുഃഖത്തിന്റെ കയ്പുള്ള ലഹരി പകർന്നിരിക്കാം...
വിധിയെന്ന രണ്ടക്ഷരത്തിൽ ഇല്ലാതായത് ഞാൻ മാത്രമായിരുന്നില്ല...
നീയും കൂടിയായിരുന്നെന്ന് ഞാൻ അറിയുന്നു സഖീ..
ഇനിയുമാ പാഴ് സ്വപ്‌നങ്ങൾ നിന്നെ വേട്ടയാടാതിരിക്കാൻ...
പാപജന്മമെന്ന മിഥ്യാധാരണയിൽ കുരുങ്ങിക്കിടക്കാതിരിക്കാൻ...
എല്ലാം മറക്കൂ...മറ്റൊരു ജീവിതത്തിൽ അലിഞ്ഞുചേരൂ...ഇനി ഞാൻ നിന്നിൽ ഒരു വിസ്മൃതിയായ് മാറിടട്ടെ...


Thursday, May 17, 2018

നീ മാത്രം

എന്തേ പുലർകാലമിന്നെൻറെ മനതാരിൽ
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം..
ഏതോ വസന്തത്തേൻ നുകരുവാനെത്തുന്ന
തൂമന്ദമാരുതനെന്ന പോലെ...(2)

 കേൾക്കാൻ കൊതിച്ചൊരാ പ്രണയരാഗത്തിന്റെ
പല്ലവിയായ് നീ വരുന്ന നാളിൽ
നിന്നധരങ്ങളാലെൻ നിടിലത്തില-
ന്നൊരു പ്രേമ കാവ്യം രചിച്ചുവെങ്കിൽ
അന്നു നിന്നിലെയെന്നിൽ ഞാനലിഞ്ഞുപോകും....(എന്തേ)

ഇഷ്ടസല്ലാപങ്ങളൊരുമിച്ചിരുന്നു നാം
മിഴികളാലന്നു പകർന്ന രാവിൽ....
കാര്മേഘഹംസങ്ങൾ തൂമഴ മുത്തിനാ-
ലാഹ്‌ളാദനൃത്തമായ് പുണർന്നിരുന്നു....
നാമിരുപേരുമൊന്നായിരുന്നു....(എന്തേ )

                                                 ഷിജിൽ ഇത്തിലോട്ട് 






Monday, April 30, 2018




നിൻ സ്വരങ്ങളിൽ മധുരമാം ഗീതം
എൻ കാതിലെന്നും നടന ശ്രുതിതാളം (2)
ഇനി വരില്ലേ നീ പ്രണയമേ...
തിരയകന്നോ പ്രിയ സ്വപ്നമേ...(2 )

എന്നുമോർമ്മയിൽ ഈ സ്വരം
ഏറ്റുപാടിടും നിൻ മുഖം
വഴിമരങ്ങളിൽ പൂവിടാ-
തെങ്ങുപോയ് നീ വസന്തമേ.......(ഇനി വരില്ലേ)(നിൻ)

അകന്നു പോകും കാലമേ
ദൂരെ വിണ്ണിൽ മറഞ്ഞുവോ
മറഞ്ഞു പോകും സ്വപ്നമേ
മാരിവില്ലുപോൽ മാഞ്ഞുവോ........(ഇനി വരില്ലേ)(നിൻ)

Sunday, February 4, 2018

മായാ മനോഹരതീരത്തിലെ,
അണയാതെ തെളിയുന്ന ദീപം പോലെ
ആകാശഗോപുരം സന്ധ്യയെ പുണരുമ്പോള്‍
ചന്ദന ഗന്ധത്തില്‍ ഞാനലിഞ്ഞു,
അവള്‍ മംഗള ദീപവുമായ് മുന്നില്‍ നിന്നൂ(മായാ)

ഏതോ സ്വപ്നത്തില്‍ താമരത്തളികയില്‍
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
നെറുകയില്‍ കുങ്കുമം ചാര്‍ത്തി ഞാനവളെയെന്‍
നിനവിലെ ജീവിതത്തോഴിയാക്കി,
എന്റെ ജീവന്റെ ജീവനായ്  സ്വന്തമാക്കി.(മായാ)

ഓര്‍മ്മതന്‍ താളില്‍ മറഞ്ഞിടാതെ 
നാളെയീ പുലരിയില്‍ കൂട്ടിരിക്കാം..
ആകാശദീപം കൊളുത്തുന്ന നേരത്തെന്‍
ജീവന്റെ താളത്തില്‍ ചേർന്നുറങ്ങാം 

എന്റെ ഹൃദയത്തുടിപ്പുനിന്‍ സ്വന്തമാക്കാം.. (മായാ)