Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...

Saturday, February 11, 2017

കാലചക്രം

വീണ്ടും ചലിക്കുന്നു കാലചക്രം
വീണ്ടും കൊതിക്കുന്നു നിന്നെ മാത്രം
ഒന്നിച്ചൊരേ സ്വരം ഏറ്റുപാടാൻ
ഉമ്മറക്കോലയിൽ ചേർന്നിരിക്കാൻ..

വിചനമീ വീഥിയിൽ ഇനിവരില്ലൊരുനാളു-
മൊന്നിച്ചിരുന്നൊരാ നേരം
ഓർക്കാൻ കൊതിക്കുന്നൊ -
രിന്നലെക്കായെന്റെ മൗനം തുടിക്കുന്നു വീണ്ടും...

പ്രണയമൊരു മണിമാല കോർത്തിരുന്നു
മൗനത്തിനടിയിൽ ഒളിച്ചിരുന്നു.
മിഴികളാലിടയുന്ന നേരമെൻ ഹൃദയത്തി-
ലൊരു പ്രണയഗീതം രചിച്ചിരുന്നു..

അകലേക്കു മറയുന്ന മഴധൂളിപോൽ 
ഓർമ്മയിൽ നിഴലായി മാറി നീയും 
ആ പ്രണയ ഹാരമൊരു പുഷ്പചക്രം പോലെ
ഇടനെഞ്ചിലുരുകുന്നു മൂകമായി..

വീണ്ടും ചലിക്കുന്നു കാലചക്രം 
വീണ്ടും കൊതിക്കുന്നു നിന്നെമാത്രം...

Friday, November 11, 2016

ഇരുട്ടിലെ വെട്ടം

ഹർഷബാഷ്പം പൊഴിഞ്ഞിടും രാവിലും
വർഷമേഘമാൽ വാനം നിറഞ്ഞുവോ
പുഷ്പവൃഷ്ടിയാൽ തീർന്നൊരീ ഭൂമിയും
രക്തദാഹം കൊതിക്കുന്ന
                                വിസ്മയം!
പത്തുമാസം വയറ്റിൽ ചുമന്നതും
പത്തുവർഷം കരത്താൽ പുണർന്നതും
ഒടുവിലിന്നെന്റെ പാതിതൻ ദൃഷ്ടിയിൽ
കാമരൂപമായ് മാറിയെന്നോമനേ..
പേറ്റുനോവതറിവതില്ലെങ്കിലും
പോറ്റുനോവിനെ കാണാതിരിക്കയോ
വക്ര ദൃഷ്ടിയാലെന്റെ  പൊൻ കുഞ്ഞിനെ
കണ്ണുനീരിൻ കയത്തില്ലെറിഞ്ഞുവോ
കണ്ണുമൂടുക 'മാന്യരേ' നിങ്ങളീ
അന്ധകാരം പരക്കട്ടെ ഭൂമിയിൽ
കപടദൃഷ്ടിതൻ വെട്ടം മറയ്ക്കുവാൻ
അന്ധകാരമായ് മാറട്ടെ
                           സർവതും....

Wednesday, September 14, 2016

ആയിരം വസന്തങ്ങൾ മിന്നി മറഞ്ഞു പോയ്
ആയിരം ശിശിരവും മറഞ്ഞുവല്ലോ
എന്നിട്ടും നീയെന്റെ മാനസവാടിയിൽ
നൊമ്പരപ്പൂമൊട്ടായ് മാറുകയോ
എന്റെ മനസ്സിലെ പൂപ്പന്തൽ വാടുകയോ

നന്ദനവാടിയിൽ, മാനസക്ഷേത്രത്തിൽ
തളിരിട്ട പൂമൊട്ടായിരുന്നു
കരളിനെ കുളിരാക്കി മാറ്റിയ ഗന്ധത്തെ
സ്വപ്നങ്ങളാക്കിയതായിരുന്നു

ഇനിയും ജനിക്കാത്ത  ഓർമ്മകൾ മാത്രമായ്
മറ്റൊരു ജീവനിൽ  ചേരുകയോ
പ്രാണനെ  കൈവിട്ട ആത്മാവിനെപ്പോലെ
അലയുന്നു ഞാനീ വഴിത്താരയിൽ





Thursday, July 21, 2016

മായാലോകം

സ്നേഹമൂറുന്ന അക്ഷരച്ചില്ലയിൽ
ഞെട്ടറ്റുവീഴുന്ന ഇലകളായ് നാം
സ്വപ്നവർണ്ണങ്ങൾ പോലുമെൻ മനസിലെ
ചുഴിയിൽ വീണിതാ പിടയുന്നുവോ..
വഴിമരച്ചോട്ടിലന്നു മൊട്ടിട്ട
പ്രണയ പുഷ്പവും മറയുന്നുവോ
നിന്നെ നീയാക്കി മാറ്റിയ കാലവും
നിന്റെ ഓർമ്മയിൽ മായുന്നുവോ..
അക്ഷരങ്ങളാൽ മായകൾ തീർത്തൊരീ
കവിതയിന്നിതാ തേങ്ങുന്നുവെന്ന -
മ്മ മൂളിയ താരാട്ടു പോലുമെൻ
മനമതിൽ നിന്നു മറയുന്നുവോ









Monday, July 11, 2016

അരികത്തുനിന്നപ്പോൾ അറിയാൻ ശ്രമിച്ചില്ല
നീയെന്ന വ്യക്തിതൻ സ്നേഹപാത്രം
അകന്നു നീ പോയപ്പോൾ ഒരു ദിനം കൊണ്ടല്ലോ
അറിഞ്ഞു ഞാൻ നിന്നിലെ സ്നേഹഭാവം(2) (അരികത്ത്)

അറിയാതെൻ മനവും തുടിച്ചിരുന്നു
നിന്റെ ജീവനായ് തീരാൻ കൊതിച്ചിരുന്നു
എന്നിട്ടുമെന്തേ ഈ ഓർമ്മ തൻ വീഥിയിൽ
എന്നെ തനിച്ചാക്കി അകന്നുപോയീ...( അരികത്ത്)

പാടാതെ പോയാ പഴയൊരു പാട്ടിനു
പല്ലവി പാടും ഇളം തെന്നലേ
 ചൂടാതെ പോയാ ചെമ്പനീർ പൂവുകൾ
വാടാതെൻ മനസിൽ അലങ്കരിക്കൂ..(2)(അരികത്ത്)

സൂര്യനും തിങ്കളും ഒന്നുപോലെ നിന്റെ
പ്രണയം കൊതിക്കുന്നു താരകമേ
തിങ്കൾ തോഴനായെൻ താരദേവതേ
മറന്നിടൂ ഈ പ്രാണനായകനെ...
മറന്നിടൂ ഈ സ്നേഹ ഗായകനെ..(അരികത്ത്)



Saturday, May 21, 2016

അവളുടെ സ്നേഹത്തിനു എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു
എന്നാൽ ഇന്ന് അവൾ എന്നിൽ നിന്നും ഒരുപാട് അകലെക്കകന്നു പോയിരിക്കുന്നു.
നാരങ്ങാ മിട്ടായിയുടെ മധുരമൂറുന്ന സ്വപ്നങ്ങളുമായി അവളിനി മനസ്സിന്റെ പടിവാതിൽ കടന്ന് വരില്ലെന്നുറപ്പായിട്ടും എന്തിനെന്നെ അവളുടെ ഓർമ്മകൾ കുത്തിനോവിക്കുന്നു?
   മനസ്സിൽ എന്നേ ജീവച്ഛവമായി മാറിയ എന്റെ പ്രണയത്തിന് ഞാൻ നൽകുന്ന ഏറ്റവും വിലപ്പെട്ട  സമ്മാനം മരണം തന്നെയായിരുന്നു.  എന്റെ സ്നേഹം പിടിച്ചു വാങ്ങിയതിന് ഞാൻ നിന്നോട് ചെയ്യുന്ന പ്രായശ്ചിത്തമെന്നോണം മനസ്സിൽ തീർത്ത ചുടലയിൽ ദഹിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. എന്നിട്ടും കത്തിയെരിയാത്ത മാംസപിണ്ഡം പോലെ എന്നെ തേടി അവൾ വീണ്ടും വന്നിരിക്കുന്നു....