Sunday, April 17, 2016

പ്രണയനക്ഷത്രം

നറുനിലാവഴകെഴും വിണ്ണിലെ താരങ്ങൾ -
ക്കിടയിലൂടൊളികണ്ണെറിയുന്നു നീ
തിങ്കൾ തോഴനെറ് ചാരത്തിരുന്നു നീ
അനുരാഗ നറുതേൻ നുകർന്നിടുന്നു

പ്രണയാർദ്ര ഹർഷങ്ങൾ നിന്നെ പുണർന്നുകൊ-
ണ്ടറിയാതെയെന്നിലേക്കൊഴുകിടുമ്പോൾ
ചുംബനപ്പൂക്കളായ് നിന്നിലേക്കൊഴുകിടും
 ഹിമകണം പോൽ ഞാനലിഞ്ഞിടുന്നു.

മിഴിയിമകൾ ചിമ്മാതെ ഒരു മാത്ര കൂടിയെൻ
നയനമോഹം നീ പകർന്നുവെങ്കിൽ
ഇരുളിൽ തിളങ്ങിടും പ്രണയ നക്ഷത്രമായ്
നീയെന്നുമെന്നിൽ ജ്വലിച്ചുവെങ്കിൽ...







Sunday, March 13, 2016

 ധ്രുവദീപ്തി

സഖി  നിന്റെ മൌനമെൻ  കാതിൽ മുഴക്കിടും
ചപല വിശ്വാസത്തിന്നമൃതതാളം
സഖി  നിന്റെ മിഴികളെൻ ഹൃദയത്തിലേകിടും
പ്രണയകാലം തീർത്ത സ്മൃതിമംഗളം..(2)
ഇനി നിന്റെ മൌനം വെടിഞ്ഞീടുമോ...
ഇനിയെന്റെ മോഹം തളിർത്തീടുമോ(2)
ഇനിയെന്നുമെന്റതായ് തീർന്നീടുവാൻ
നീയെന്നുമെന്നിൽ അലിഞ്ഞീടുവാൻ...(സഖി)

നിറമുള്ള സന്ധ്യയിൽ നാം നെയ്ത സ്വപ്നങ്ങളെ-
ന്നെ തനിച്ചാക്കി മാഞ്ഞിടുമ്പോൾ
അറിയാതെ തേങ്ങുന്നു നീ തന്ന ഓർമ്മകൾ
നിഴലിനായ് കേഴും തമസ്സുപോലെ...(സഖി)

കൂരിരുൾ പക്ഷികൾ ജാലകത്തിണ്ണയിൽ
നീ വരും നാളുകൾ കാത്തു നിൽപൂ
ഇനി വൈകിടാതെ നീയെന്നിലേക്കലിയുമോ
ധ്രുവദീപ്തി വിടരുന്ന തിരിനാളമായ്..(സഖി)











Friday, February 19, 2016

കാലം വിലങ്ങിട്ട സ്വപ്നങ്ങളിൽ വന്നു-
കേഴുന്നൊരെൻ ശ്വേതമന്ദാരമേ...
ശിലയായ് പിറന്നൊരെൻ ബിംബ മോഹങ്ങൾക്ക്
വർണ്ണങ്ങളേകുവാൻ നീ പോരുമോ..!

അന്ധകാരം വന്നു തേടുന്ന നേരത്ത്
എന്നെ തനിച്ചാക്കി മാഞ്ഞിടാതെ
ഉദയകിരണങ്ങൾ നിൻ ഹൃദയത്തിലേറിയെന്നാ-
ത്മ തിരിനാളം കൊളുത്തീടുമോ...









Tuesday, February 9, 2016

മടക്കയാത്ര
എനിക്കൊന്നുറങ്ങണം..അവസാനമായി...
സ്വപ്നങ്ങളേ എന്നെ തഴുകിയുണർത്താതെ
എനിക്ക് നിദ്രപൂകാൻ ധരണീ നിന്നിൽ മെത്ത തീർത്തിരിക്കുന്നു ... മാനുഷർ...
ഇനിയൊരു മടക്കയാത്രയില്ലാത്ത പോൽ
ജീവിതമേ നിനക്കെന്റെ വിട..
പ്രണയമേ ഇനിയെന്റെ മിഴികൾ
നിന്നെയിണ ചേരാതെ...
നീയെനിക്കേകിയ സ്നേഹപ്പൂക്കളാൽ
എനിക്കായ് അവസാനമായൊരു  പുഷ്പചക്രമൊരുക്കാം....
ഇനിയൊരു മടക്കയാത്രയില്ലാത്തപോൽ
എന്റെ സ്വപ്നങ്ങൾ ഞാൻ നിന്റെ  മടിത്തട്ടിൽ
                                      അർപ്പിക്കട്ടെ!!!

Saturday, February 6, 2016

ജീവിതത്തോണി 

ലക്ഷ്യമറിയാതെ തുഴയുന്നു ഞാനെന്റെ
മൂക്കുകയറിട്ട ജീവിതത്തോണി
 തിരയടങ്ങാ കടലിന്നുമപ്പുറം,
അതിരുകാണാ മതിലുകൾക്കപ്പുറം
പ്രണയനൊമ്പരക്കാറ്റിനെ  ഭേദിച്ച്,
വിജനമാകുമീ വീഥിയെ പുൽകി ഞാൻ...
വിരഹസൌധത്തിലെങ്കിലും പ്രണയമേ
സ്മൃതികളാലെ നീ വാരണം തീര്‍ക്കാതെ..
കപടവാക്കുകള്‍ കൊണ്ടെന്റെ നൌകയെ
മരണ ചുഴിയില്‍ പെടുത്താതെ കാലമേ..

Friday, February 5, 2016

അകക്കണ്ണ്.

എന്റെ കണ്ണുകൾക്കെന്തോ സംഭവിച്ചിരിക്കുന്നു...
ചുറ്റും കാണുന്നതെല്ലാം വികൃതരൂപങ്ങൾ
ഉറ്റമിത്രങ്ങളിൽ പോലും കപട വൈരൂപ്യത
ഇതെങ്ങനെ സംഭവിച്ചു ?
കുറച്ച് കാലം മുൻപ് വരെ ഇവരുടെ
സുന്ദരമായ രൂപം ഞാൻ കണ്ടതാണ്...
ഈ കാര്യം ഞാനെന്റെ മാതാ -പിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചു
അകത്തിരിക്കുന്ന കണ്ണാടിയിലേക്ക് അവരുടെ വിരലുകൾ ചൂണ്ടി...
ഒരു വട്ടമേ ഞാനതിൽ നോക്കിയുള്ളൂ...
നിഷ്കളങ്കമായിരുന്ന എന്റെ മുഖം
കപട മുഖംമൂടിയാൽ മറഞ്ഞിരിക്കുന്നു...
വൈരൂപ്യം ബാധിച്ചിരിക്കുന്നത് എന്റെ കണ്ണുകളിലാണ്...
എന്നിലാണ്!!!

Friday, December 25, 2015

പ്രണയ ബാഷ്പാജ്ഞലി 

ഇനിയെന്നു കാണുമെൻ തോഴീ..
ഞാൻ നിനക്കേകുന്നു നിറമാർന്ന യാത്രാമൊഴി..(2)

നഷ്ടസ്വപ്നങ്ങളാൽ  നാം തീർത്ത വീഥിയിൽ
ദു:ഖ സവാരി നടത്തിടുമ്പോൾ
നിന്റെ കൈത്തണ്ടയിൽ എൻ കരം ചേർക്കുവാൻ
നേരുമോ നീ നേർത്ത നറുപുഞ്ചിരി..(ഇനി)

അക്ഷരത്തുട്ടിനാൽ നാം മനക്കോട്ടയിൽ
 തീർത്തൊരു മാളികയാണു പ്രണയം
ഒടുവിലാമാളികയിലൊറ്റയ്ക്കു ഞാൻ നിന്റെ-
യോർമ്മകൾക്കെന്നുമൊരു കാവലാളായ്...(2)(ഇനി)

പിരിയുവാനൊരുമാത്ര ഓർത്തിരുന്നില്ലനാം
പ്രണയ സ്വപ്നങ്ങൾ നെയ്തിടുമ്പോൾ
അന്ധകാരത്തിനാൽ വീശും വിഷക്കാറ്റി-
നറിയുമോ വിരഹത്തിനാത്മ ദു:ഖം(ഇനി)

കാലമെൻ കൈകളിൽ വിധിതൻ വിലങ്ങിന്റെ
അഴിയാക്കുരുക്കുകൾ തീർത്താലുമെൻ
മാനസം നിന്നെ പുണർന്നീടുമെപ്പഴും
 ഹൃദയത്തിനുള്ളിലെ ചെപ്പിനുള്ളിൽ...(ഇനി)