Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...

Saturday, February 11, 2017

കാലചക്രം

വീണ്ടും ചലിക്കുന്നു കാലചക്രം
വീണ്ടും കൊതിക്കുന്നു നിന്നെ മാത്രം
ഒന്നിച്ചൊരേ സ്വരം ഏറ്റുപാടാൻ
ഉമ്മറക്കോലയിൽ ചേർന്നിരിക്കാൻ..

വിചനമീ വീഥിയിൽ ഇനിവരില്ലൊരുനാളു-
മൊന്നിച്ചിരുന്നൊരാ നേരം
ഓർക്കാൻ കൊതിക്കുന്നൊ -
രിന്നലെക്കായെന്റെ മൗനം തുടിക്കുന്നു വീണ്ടും...

പ്രണയമൊരു മണിമാല കോർത്തിരുന്നു
മൗനത്തിനടിയിൽ ഒളിച്ചിരുന്നു.
മിഴികളാലിടയുന്ന നേരമെൻ ഹൃദയത്തി-
ലൊരു പ്രണയഗീതം രചിച്ചിരുന്നു..

അകലേക്കു മറയുന്ന മഴധൂളിപോൽ 
ഓർമ്മയിൽ നിഴലായി മാറി നീയും 
ആ പ്രണയ ഹാരമൊരു പുഷ്പചക്രം പോലെ
ഇടനെഞ്ചിലുരുകുന്നു മൂകമായി..

വീണ്ടും ചലിക്കുന്നു കാലചക്രം 
വീണ്ടും കൊതിക്കുന്നു നിന്നെമാത്രം...