Friday, February 19, 2016

കാലം വിലങ്ങിട്ട സ്വപ്നങ്ങളിൽ വന്നു-
കേഴുന്നൊരെൻ ശ്വേതമന്ദാരമേ...
ശിലയായ് പിറന്നൊരെൻ ബിംബ മോഹങ്ങൾക്ക്
വർണ്ണങ്ങളേകുവാൻ നീ പോരുമോ..!

അന്ധകാരം വന്നു തേടുന്ന നേരത്ത്
എന്നെ തനിച്ചാക്കി മാഞ്ഞിടാതെ
ഉദയകിരണങ്ങൾ നിൻ ഹൃദയത്തിലേറിയെന്നാ-
ത്മ തിരിനാളം കൊളുത്തീടുമോ...









Tuesday, February 9, 2016

മടക്കയാത്ര
എനിക്കൊന്നുറങ്ങണം..അവസാനമായി...
സ്വപ്നങ്ങളേ എന്നെ തഴുകിയുണർത്താതെ
എനിക്ക് നിദ്രപൂകാൻ ധരണീ നിന്നിൽ മെത്ത തീർത്തിരിക്കുന്നു ... മാനുഷർ...
ഇനിയൊരു മടക്കയാത്രയില്ലാത്ത പോൽ
ജീവിതമേ നിനക്കെന്റെ വിട..
പ്രണയമേ ഇനിയെന്റെ മിഴികൾ
നിന്നെയിണ ചേരാതെ...
നീയെനിക്കേകിയ സ്നേഹപ്പൂക്കളാൽ
എനിക്കായ് അവസാനമായൊരു  പുഷ്പചക്രമൊരുക്കാം....
ഇനിയൊരു മടക്കയാത്രയില്ലാത്തപോൽ
എന്റെ സ്വപ്നങ്ങൾ ഞാൻ നിന്റെ  മടിത്തട്ടിൽ
                                      അർപ്പിക്കട്ടെ!!!

Saturday, February 6, 2016

ജീവിതത്തോണി 

ലക്ഷ്യമറിയാതെ തുഴയുന്നു ഞാനെന്റെ
മൂക്കുകയറിട്ട ജീവിതത്തോണി
 തിരയടങ്ങാ കടലിന്നുമപ്പുറം,
അതിരുകാണാ മതിലുകൾക്കപ്പുറം
പ്രണയനൊമ്പരക്കാറ്റിനെ  ഭേദിച്ച്,
വിജനമാകുമീ വീഥിയെ പുൽകി ഞാൻ...
വിരഹസൌധത്തിലെങ്കിലും പ്രണയമേ
സ്മൃതികളാലെ നീ വാരണം തീര്‍ക്കാതെ..
കപടവാക്കുകള്‍ കൊണ്ടെന്റെ നൌകയെ
മരണ ചുഴിയില്‍ പെടുത്താതെ കാലമേ..

Friday, February 5, 2016

അകക്കണ്ണ്.

എന്റെ കണ്ണുകൾക്കെന്തോ സംഭവിച്ചിരിക്കുന്നു...
ചുറ്റും കാണുന്നതെല്ലാം വികൃതരൂപങ്ങൾ
ഉറ്റമിത്രങ്ങളിൽ പോലും കപട വൈരൂപ്യത
ഇതെങ്ങനെ സംഭവിച്ചു ?
കുറച്ച് കാലം മുൻപ് വരെ ഇവരുടെ
സുന്ദരമായ രൂപം ഞാൻ കണ്ടതാണ്...
ഈ കാര്യം ഞാനെന്റെ മാതാ -പിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചു
അകത്തിരിക്കുന്ന കണ്ണാടിയിലേക്ക് അവരുടെ വിരലുകൾ ചൂണ്ടി...
ഒരു വട്ടമേ ഞാനതിൽ നോക്കിയുള്ളൂ...
നിഷ്കളങ്കമായിരുന്ന എന്റെ മുഖം
കപട മുഖംമൂടിയാൽ മറഞ്ഞിരിക്കുന്നു...
വൈരൂപ്യം ബാധിച്ചിരിക്കുന്നത് എന്റെ കണ്ണുകളിലാണ്...
എന്നിലാണ്!!!